rss
    കേരളത്തിന്റെ സമകാലീന വാര്‍ത്തകളിലൂടെ ഒരു യാത്ര. ഓരോ ദിവസവും പലയിടങ്ങളില്‍ നിന്നും ലഭിക്കുന്ന രസകരങ്ങളായ വാര്‍ത്തകളാണ് ഇതില്‍ ഉള്‍പ്പെടുതുന്നത്.

April 26, 2010

കേരള രാഷ്ട്രീയവും ഐ പി എല്ലും


ഐ.പി.എല്‍. ക്രിക്കറ്റ് വളരെപ്പെട്ടെന്ന് എല്ലാവര്‍ക്കും ഹറാമായി മാറി. ഇതുവരെ ഹരമായിരുന്ന ഈ കളി വെറും ചൂതാട്ടമാണ്, അഴിമതിയാണ്, കള്ളപ്പണം വെള്ളയാക്കലാണ്, വഞ്ചനയാണ്, നികുതിവെട്ടിപ്പാണ്, ഒത്തുകളിയാണ് എന്നാണിപ്പോള്‍ പറയുന്നത്. സമഗ്രമായ അന്വേഷണം മുതല്‍ നിരോധനംവരെ ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഈ കളി തുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. ഇക്കാലമത്രയും ഇതിന്റെ നിരര്‍ഥകതയും ആഡംബരപ്രിയതയും മറ്റും ചോദ്യംചെയ്ത പലരുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ കലികയറിയിരിക്കുന്ന നേതാക്കളെല്ലാം ഈ കളികണ്ട് ആസ്വദിക്കുകയായിരുന്നു. ഇപ്പോള്‍ ഐ.പി.എല്‍. ഇത്ര വിവാദമാകാന്‍ കാരണം ശശി തരൂരിന്റെ രാജിയാണ്. കൊച്ചിക്ക് ഒരു ഐ.പി.എല്‍. ടീം വേണമെന്ന് ആഗ്രഹിച്ചതോ ശശി തരൂരിന്റെ തെറ്റ്! കേരളത്തില്‍ ഈ ചര്‍ച്ച തുടങ്ങിയിട്ട് കാലമേറെയായി. ഒരു നേതാവും ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. തന്നെയുമല്ല, ഐ.പി.എല്‍. ടീമുണ്ടായാല്‍ കേരളത്തിലെ കായികരംഗത്തിനു വലിയ നേട്ടമുണ്ടാകില്ലെങ്കിലും ഇവിടെ വന്‍നിക്ഷേപം വരുകവഴി വ്യവസായവും ടൂറിസവും വികസിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ. നേതാവ് ശ്രീരാമകൃഷ്ണന്‍ ഒരു ചാനലില്‍ പറഞ്ഞത്.

ഇപ്പോള്‍ പ്രകാശ് കാരാട്ട് ഇതു കേരളത്തില്‍ വേണ്ടായെന്നു പറഞ്ഞതിനാല്‍ നിലപാടുമാറ്റാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായേക്കും. എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന കൊല്‍ക്കത്തയില്‍ മൂന്നുവര്‍ഷമായി ഷാരൂക്ഖാന്റെ നൈറ്റ് റൈഡേഴ്‌സ് ഉള്ള കാര്യം കാരാട്ടിനറിയില്ലായിരിക്കും. അതുവേണ്ടന്നദ്ദേഹം പറയാത്തത് അതുകൊണ്ടാകും. മറ്റുള്ള സംസ്ഥാനങ്ങള്‍ക്കൊക്കെ ആകാം കേരളത്തിനു പാടില്ല എന്നു ഇടതുപക്ഷം വാശി പിടിക്കൂന്നതിന്റെ അര്‍ഥമാണ് മനസ്സിലാകാത്തത്.

കേരളത്തില്‍ ഐ.പി.എല്‍. ടീം അല്ല ബി.പി.എല്ലുകാരെ എ.പി.എല്‍. ആക്കാന്‍ ശ്രമിക്കുകയായിരുന്നു തരൂര്‍ ചെയ്യേണ്ടിയിരുന്നത് എന്നാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ നാലര വര്‍ഷക്കാലമായി അവരെല്ലാവരും കൂടി ശ്രമിച്ചിട്ടു് ഒട്ടനവധിപേരെ എ.പി.എല്‍. ആക്കാന്‍ കഴിഞ്ഞു. ഇവരെ എല്ലാവരെയും സുഖിപ്പിക്കാനായി കഷ്ട്ടപ്പെട്ട് ഒരു ചാനലും പിന്നെ ഒരു വാട്ടര്‍ തീം പാര്‍ക്കും പാര്‍ട്ടി നടത്തുന്നുണ്ടു്. ഇനി കുറചു പേര്‍ കൂടി ശേഷിക്കുന്നുണ്ട് അവരെയുംകൂടി ഇക്കരെ ചാടിക്കാന്‍ അടുത്ത ആറുമാസക്കാലം ഒന്നാഞ്ഞുപിടിക്കാന്‍ ശ്രമിക്കുമ്ബൊളാണ് ഒരാവശ്യവുമില്ലാതെ ഒരു ഐ.പി.എല്‍!.

ഈ ഐ.പി.എല്‍. ടീം കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? വിമര്‍ശകരുന്നയിക്കുന്ന പ്രഥാന ചോദ്യമാണിത്. വാസ്തവത്തില്‍ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. ഒളിംബിക്സ് നടത്തുന്നതുകൊണ്ട് ആ രാജ്യത്തിനു എന്താണ് നേട്ടം?. എക്കാലത്തും വന്‍ സ്പോര്‍ട്സ് സംരഭങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന എല്ലാ നഗരങ്ങളുടേയും വളര്‍ച്ചക്കു പിന്നില്‍ അവ നിര്‍ണ്ണായകമായിട്ടുണ്ട്.

തരൂര്‍ അഴിമതി നടത്തി എന്നു വലിയവായില്‍ വിളിചു കൂവുന്നവര്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ് ധിക്കുന്നത് നന്നായിരിക്കും

കൊച്ചി ഐ.പി.എല്‍. ലേലം വിളിച്ച കമ്പനി റോന്ദേവു അവരുടെ ഒരുഭാഗം ഓഹരി സുനന്ദപുഷ്‌കറിന് നല്‍കിയതാണ് വിവാദമായത്. ഉന്നതപദവിയില്‍ ഒരുകമ്പനിയില്‍ ജോലിക്കു കയറുന്നവര്‍ക്ക് ശമ്പളത്തിനു പകരം നല്കുന്ന ഓഹരി സ്വെറ്റ്ഇക്വിറ്റി, ആണിത്. ഇതില്‍നിയമപരമായി ഒരു തെറ്റുമില്ല. ഇതുലഭിച്ച സുനന്ദ ശശി തരൂരിന്റെ അടുത്ത സുഹൃത്താണെന്നതാണ് ഇദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെടാനുള്ള പ്രധാന കാരണം.ഇതൊരു സ്വകാര്യ കമ്പനിയുടെ ഓഹരികളാണ്. പൊതുപണം ഇതില്‍ വരുന്നതേയില്ല. കമ്പനി-ആദായനികുതി നിയമങ്ങള്‍ മാത്രമേ ഇതില്‍ പ്രാബല്യത്തില്‍ വരൂ. മൊത്തം ഐ.പി.എല്‍.തന്നെ ഒരു സ്വകാര്യ ഇടപാടാണ്.മന്ത്രിയെന്ന നിലയില്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ടതാണോ ശശി തരൂരിന്റെ കുറ്റം? ശരദ്പവാറടക്കം നിരവധി കേന്ദ്രമന്ത്രിമാരും നരേന്ദ്രമോഡിയടക്കം നിരവധി മുഖ്യമന്ത്രിമാരും അരുണ്‍ജെയ്റ്റ്‌ലിയടക്കം വിവിധ നേതാക്കളും ഇവരുടെയെല്ലാം കുടുംബങ്ങളും ഐ.പി.എല്ലില്‍ കാര്യമായി ഇടപെടുന്നുണ്ടല്ലോ!

അവരൊന്നും രാജിവെക്കണമെന്ന് പറയാതെ ശശി തരൂര്‍ രാജിവെക്കണമെന്ന് സി.പി.എം. നേതാക്കള്‍ (ബി.ജെ.പി.യും) ആവശ്യപ്പെട്ടതെന്തുകൊണ്ട്?ഇത്രയും പറയാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. ഇപ്പോള്‍ പ്രത്യേക കോടതിയില്‍ വിചാരണയിലിരിക്കുന്ന എസ്.എന്‍.സി. ലാവലിന്‍ കേസിലെ പ്രതിയാണല്ലോ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍. ആ കേസില്‍ സി.ബി.ഐ. നല്കിയ ഒരുപ്രസ്താവനയിലെ ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് ”പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞു”, ”ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുവന്നു”, ”ലാവലിന്‍ കേസിന്റെ അടിത്തറ തകര്‍ന്നിരിക്കുന്നു” എന്നൊക്കെ പ്രഖ്യാപിക്കാന്‍ സി.പി.എം. നേതാക്കളും അവരുടെ മാധ്യമങ്ങളും തിടുക്കം കൂട്ടിയതും നാംകണ്ടു. (പിന്നീട് സി.ബി.ഐ. തന്നെ ചില വിശദീകരണങ്ങളുമായി വന്നുവെന്നതു മറ്റൊരു കാര്യം)

ലാവലിന്‍ കേസിലെ സി.ബി.ഐ. അന്വേഷണം തീരുമാനിച്ചത് സര്‍ക്കാറല്ല, കേരള ഹൈക്കോടതിയാണ്. മറിച്ച് സര്‍ക്കാര്‍ പണവും അധികാരവും ഉപയോഗിച്ച് ഈ കേസ് അന്വേഷണം തടയാനും പിന്നീട് വിചാരണ തടയാനും ശ്രമിച്ചത് ഇടതുപക്ഷ സര്‍ക്കാറാണ്. അതാണ് രാഷ്ട്രീയപ്രേരിതം. എങ്കിലും പ്രകാശ് കാരാട്ട് ഇതു പറഞ്ഞുകൊണ്ടേയിരിക്കുന്നു – അതൊരു തമാശ.പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നതല്ല സി.ബി.ഐ. യുടെ കേസ്. അക്കാര്യം അവര്‍ അന്വേഷിച്ചിട്ടില്ല. (പണം കൈപ്പറ്റിയെന്നതിന് തെളിവുമായി പലരും രംഗത്തുവന്നിട്ടുണ്ടെന്നത് തത്കാലം വിടാം).

വഞ്ചന, ഗൂഢാലോചന, ക്രമവിരുദ്ധ നടപടികള്‍ മുതലായവമൂലം സംസ്ഥാനത്തിന് അനേകകോടി രൂപ (പൊതുപണം) നഷ്ടപ്പെടുത്തിയെന്നതാണ് പിണറായി വിജയനെതിരായ കേസ്. എല്ലാ ചട്ടങ്ങളും പാലിച്ച് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

അതുസ്വീകരിച്ച് വിചാരണ ആരംഭിച്ചിരിക്കുകയാണ്.ഒരാള്‍ നേരിട്ട് പണം കൈപ്പറ്റുന്നതുമാത്രമാണ് അഴിമതിയെങ്കില്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ-ഭരണ അഴിമതിയും നടക്കുന്നുണ്ടെന്നു പറയാനാവില്ല. സി.പി.എം. നേതാക്കള്‍തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന പാമോലിന്‍ കേസില്‍ കെ. കരുണാകരനോ ഗ്രാഫൈറ്റ് കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയോ കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവോ ബോഫോഴ്‌സ് കേസില്‍ രാജീവ്ഗാന്ധിയോ ശവപ്പെട്ടി കുംഭകോണ കേസില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്സോ നേരിട്ട് പണം വാങ്ങിയതായി യാതൊരു തെളിവുമില്ല.

മറിച്ച് രാജ്യത്തെ നിലവിലുള്ള ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചുവെന്നും അതുവഴി പൊതുപണം നഷ്ടപ്പെട്ടുവെന്നുമാണിവര്‍ ക്കെല്ലാമെതിരെയുള്ള കേസ്. ലാവലിന്‍ ഇടപാടില്‍ മന്ത്രിസഭയില്‍ നിന്നുപോലും ഒട്ടനവധി സത്യങ്ങള്‍ മറച്ചുപിടിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് പിണറായി വിജയനുമേലുള്ളത്. ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ രാജി ആവശ്യപ്പെടുന്ന സി.പി.എമ്മിന്റെ നിലപാടിലെ വൈരുദ്ധ്യം പ്രകടമാകുന്നത്. സ്വന്തം സ്വഭാവ പെരുമാറ്റ രീതികള്‍ കൊണ്ട് ഒട്ടനവധി പേരെ വെറുപ്പിക്കാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രാജി മനസ്സുകൊണ്ടാഗ്രഹിക്കുന്ന പലരുമുണ്ടെന്നതും കേന്ദ്ര സര്‍ക്കാറിന് ഇന്നത്തെ അവസ്ഥയില്‍ തന്ത്രപരമായി ഇതാവശ്യമാണെന്നതും മൂലം രാജിവെക്കേണ്ടിവരികയും ചെയ്തു.

എന്നാല്‍ നിയമത്തിന്റെ ദൃഷ്ടിയിലും തെളിവുകളുടെ അടിസ്ഥാനത്തിലും നോക്കിയാല്‍ ശശി തരൂര്‍ കുറ്റക്കാരനാണെന്നു സ്ഥാപിക്കുക എളുപ്പമല്ല. ശശി തരൂരിന്റെ ഇടപെടല്‍ വഴി പൊതുസമ്പത്ത് നഷ്ടപ്പെട്ടിട്ടില്ല. ക്രമക്കേടു നടന്നതായി തെളിവില്ല.എന്നാല്‍ ലാവലിന്‍ ഇടപാടില്‍ പൊതുപണം നഷ്ടപ്പെട്ടെന്ന് സി.എ.ജി.യും ക്രമക്കേടുനടന്നുവെന്ന് സംസ്ഥാന വിജിലന്‍സും കണ്ടെത്തിയതാണ്. അന്നൊന്നും ഒരക്ഷരം മിണ്ടാതിരുന്ന സി.പി.എം. പിണറായി വിജയന്‍ പ്രതിയാകുമെന്നുവന്നപ്പോള്‍ ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറയുന്നു.

മുമ്പുപറഞ്ഞ ഒട്ടനവധി അഴിമതിക്കേസുകളില്‍ സി.എ.ജി. റിപ്പോര്‍ട്ടെന്ന വജ്രായുധം പ്രയോഗിച്ച് ശത്രുക്കളെ ആക്രമിച്ച സി.പി.എമ്മിനിപ്പോള്‍ സി.എ.ജി. എന്നാല്‍ ‘കുറെ ഗുമസ്തന്മാരുടെ കണക്ക്’ മാത്രമായി.ചുരുക്കത്തില്‍ പിണറായി വിജയനെ സംരക്ഷിച്ചു ശശി തരൂര്‍ രാജിവെക്കണമെന്നാവശ്യപ്പെടുന്ന സി.പി.എം. നിലപാട് വെറുമൊരു തമാശ മാത്രമായേ കാണാനാകൂ. അല്ലെങ്കില്‍ ”കാക്കയ്ക്കു തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്…..” സിദ്ധാന്തവുമാകാം.

April 24, 2010

ആരാണ് യഥാര്‍ഥ കോമാളി ?


നമ്മുടെ സുകുമാരന്‍ മാസ്റ്റര്‍ അല്പ ദിവസത്തെ ഇടവേള കഴിഞ്ഞു സജീവമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഈയടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന നമ്മുടെ ശശി തരൂരാണു മാഷിന്റെ പുതിയ ഇര. അല്ലെങ്ങിലും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനു കോട്ടം തട്ടുന്ന സംഭവങ്ങളില്‍ ഇടപെടുന്നതിനു മാഷിന് ആരുടെയും അനുവാദം ആവശ്യമില്ല.
"ശശി തരൂര്‍ ഒരു കോമാളിയാണ്. നമ്മുടെ നാടിന്റെ പേരു് ചീത്തയാക്കാന്‍ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളൂ". എന്നാ ണ് മാഷ് തരൂര് വിഷയത്തെ കുറിചു പ്രതികരിച്ചത്. അല്ലെങ്ങിലും കഴിഞ്ഞ എത്രയൊ കാലങ്ങളായി മാഷിനെപോലുള്ലവര്‍ ചോര നീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ സല്‍പ്പേര് ഇന്നലെ വന്ന ഒരു ബൂര്‍ഷ്വ പുല്ലുപോലെ നശിപ്പിക്കുന്നതു കാണുബോള്‍ ഇങ്ങനെ പ്രതികരിച്ചതില്‍ തീരെ ആശ്ചര്യമില്ല.

ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയില്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രം ഐക്യരാഷ്ട്ര സഭയിലെ അത്യുന്നത പദവിയിലെത്തിയ ശശി തരൂര്‍ മികച്ച ഒരു എഴുത്തുകാരനും പ്രാസംഗികനുമാണ്. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ ഇവിടുത്തെ പരംപരാഗത രാഷ്ട്രീയ നപുംസകങ്ങള്‍ അസ്വസ്ഥരാണു. തങ്ങള്‍കു ലഭിക്കേണ്ട പല പദവികളും തരൂര്‍ തട്ടിയെടുക്കുമെന്നു അവര്‍ ഭയപ്പെട്ടു. ചുരുക്കത്തില്‍ താറാവിന്‍ പറ്റത്തിലെത്തിയ അരയന്നത്തിന്റെ അവസ്ഥയായി തരൂരിനു. വിദ്യാഭ്യാസപരമായോ ജനപ്രീതിയാലോ തരൂരിന്റെ ഏഴയലെത്ത് എത്താന്‍ കഴിയാത്തവര്‍ക്കു അദ്ദേഹത്തിനോട് എന്തെന്നില്ലാത്ത അസൂയ ഉണ്ടായിരുന്നു അവസരം കിട്ടിയപ്പോള്‍ അവരെല്ലാവരും അതു ഭംഗിയായി ഉപയോഗിച്ചു.

രാജിവച്ചതിനുശേഷം ലൊകസഭയില്‍ തരൂര്‍ നടത്തിയപോലൊരു പ്രസംഗം അപൂര്‍വമാണ് "ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരംപുകളില്‍" എന്ന വള്ളത്തോള്‍ കവിത ചൊല്ലിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പാക്കിസ്ഥാന്‍ ആക്രമണമില്ലാത്ത ഇക്കാലത്തു ഇത് അപ്രസക്തമാണെന്നാണ് മാഷിന്റെ വാദം.

പ്രതിഭയും തനതായ വ്യക്തിത്വവുമുള്ള ആളുകളെ ഇതുപോലെ ആക്ഷേപിക്കുന്ന ഇത്തരം കോമാളികളെ എന്നാണ് നമ്മള്‍ തിരിച്ചറിയുന്നത് ?.

April 23, 2010

ഐ. പി. എല്‍ വിശേഷങ്ങള്‍

ക്രിക്കറ്റിനെപ്പറ്റി എന്നൊക്കെയോ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞിട്ടുള്ളത് വളരെ ശരിയാണ്. ഈ ഐപിഎല്‍ തുടങ്ങും മുമ്പ് കളി കാണില്ല എന്നു ദൃഢപ്രതിജ്ഞയെടുത്തിരുന്നയാളാണ് ഞാന്‍. ഇന്നിപ്പോള്‍ ഐപിഎല്‍ കാണാതെ ഒരു ദിവസം പോലും മുന്നോട്ടു തള്ളിനീക്കാനാവില്ല എന്നായിരിക്കുന്നു. വല്ലാത്ത ഒരു മാസ്മരികതയുണ്ട് ഈ കളിക്ക്. ഡെക്കാന്‍ ചാര്‍ജേഴ്സ് ആണ് കളത്തിലെങ്കില്‍ പറയാനുമില്ല. ഈ ഐപിഎല്ലില്‍ ഇനിയെത്ര കളി ബാക്കിയുണ്ടെങ്കിലും ശരി ഞാന്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പമാണ്. അന്തിമവിജയം അവരുടേതായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്താണവരുടെ ഒരു പെര്‍ഫോമന്‍സ് ! ഓരോ മൂവിലും വല്ലാത്ത ഒരു മാന്ത്രികത. ഗ്രൌണ്ടില്‍ ലക്ഷക്കണക്കിനു കാണികളെ ഹഠാദാകര്‍ഷിച്ചുകൊണ്ട് അവര്‍ കളിക്കുമ്പോള്‍ ക്രിക്കറ്റ് എങ്ങനെ നമ്മളെ കീഴടക്കുന്നു എന്നതോര്‍ത്ത് ഞാന്‍ വിസ്മയിച്ചു പോവുകയാണ്.

പണ്ട്, ടെന്നിസ് ആയിരുന്നു ഇങ്ങനെ കണ്ടുകൊണ്ടിരുന്ന കളി. എന്തായിരുന്നു കളി ! ഓരോ സര്‍വീസും പോകുന്നത് സൂക്ഷ്മതയോടെ നോക്കിയിരിക്കുമായിരുന്നു. എത്രയോ ദിനരാത്രങ്ങള്‍ ടെന്നിസ് നല്‍കിയ ഉന്മാദലഹരിയില്‍ കഴിഞ്ഞുകൂടി. ഐപിഎല്‍ എന്നെപ്പോലെ അനേകം ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിക്കുന്നുണ്ട് എന്നെനിക്കറിയാം. ചില ദിവസങ്ങളില്‍ ഈ മല്‍സരം ഒരിക്കലും അവസാനിക്കരുതേ എന്നു നമ്മള്‍ പ്രാര്‍ഥിച്ചു പോകും വിധം മനോഹരമാണ് കളികള്‍. എല്ലാ കളിക്കാരും ഒന്നിനൊന്നു മെച്ചം. എല്ലാ ടീമുകളെയും എനിക്കിഷ്ടമാണ്, പക്ഷെ ഡെക്കാന്‍ ചാര്‍ജേഴ്സിനോടാണ് താല്‍പര്യം കൂടുതല്‍ എന്നു മാത്രം.

പക്ഷെ, എനിക്കു പിടികിട്ടാത്തത് ഇതൊന്നുമല്ല. ഇവിടെ കളി നടക്കുമ്പോള്‍ കുറച്ചു ദൂരെ കുറെ ചേട്ടന്‍മാര്‍ ഗ്രൌണ്ടില്‍ മൂന്നു കമ്പ് നാട്ടി വച്ച് ഒരുത്തന്‍ അതിനു മുന്നില്‍ വേറൊരു പലകയും പിടിച്ചുകൊണ്ടു നില്‍ക്കുന്നതും വേറൊരുത്തന്‍ അങ്ങോട്ടു പന്തെറിയുന്നതും പിന്നെ കുറെപ്പേര്‍ പലകയുമായി നില്‍ക്കുന്നവന്‍ അടിച്ചു തെറിപ്പിക്കുന്ന പന്തിനു പിന്നാലെ ഓടുന്നതും കാണുന്നു. എല്ലാ ദിവസവും ഇത് നടക്കുന്നത് കാണാം. ഐപിഎല്‍ കളിക്കാരായ പെണ്‍കുട്ടികളെപ്പോലെ തന്നെ അവന്‍മാരും ഓരോ യൂണിഫോം ഇട്ടാണ് ഈ പണി നടത്തുന്നത് കാണുന്നത്. ആക്ച്വലി എന്താണ് ആ പരിപാടി ? ഐപിഎല്‍ എന്ന മനോഹരമായ കളി ഇവിടെ നടക്കുമ്പോള്‍ അതിന്റെ പിന്നില്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ആരെങ്കിലും മനപൂര്‍വം നടത്തുന്നതാണോ അത് ? ഇതിനെതിരെ ഇതുവരെ ആരും പ്രതികരിച്ചു കണ്ടില്ല.

ഏറ്റവും രസം, ഐപിഎല്‍ ലൈവ് ചെയ്യാനിരിക്കുന്ന ടിവിക്കാരു പോലും ടിവിയില്‍ കൂടുതല്‍ സമയവും ഈ പന്തുരുട്ടലും പെറുക്കലും തന്നെയാണ് കാണിക്കുന്നത്. കൂതറ മുംബൈ ഇന്ത്യന്‍സ് ടീമിനെ കാണിക്കുമ്പോള്‍ ആ കളി കാണിച്ചാലും കുഴപ്പമില്ല. അപ്പോഴും ഐപിഎല്‍ കാണാനിരിക്കുന്ന പ്രേക്ഷകരെ എന്തിനാണ് മറ്റേ പന്തുകളി കാണിക്കുന്നത് എന്നെനിക്കു മനസ്സിലാവുന്നില്ല. ഇതെപ്പറ്റി ആരോടാണ് പരാതിപ്പെടേണ്ടത് ? ഐപിഎല്‍ നടക്കുന്ന കോര്‍ട്ടില്‍ എന്തിനാണ് ആ പന്തരുട്ടിക്കളി നടത്തുന്നത് ? പാര്‍ലമെന്റില്‍ വനിതാസംവരണബില്‍ വരെ അവതരിപ്പിച്ച നമ്മള്‍ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഐപിഎല്‍ എന്നൊരു മല്‍സരം നടത്തുമ്പോള്‍ മരങ്ങോടന്‍മാരായ ആണുങ്ങള്‍ പിന്നില്‍ പലകയും പന്തും കുറ്റിയും വച്ച് ആര്‍ക്കും മനസ്സിലാവാത്ത എന്തോ കളി കളിക്കുന്നത് തികച്ചും സ്ത്രീവിരുദ്ധമാണ്. ചിട്ടയായി അച്ചടക്കത്തോടെ ഡാന്‍സ് കളിക്കുന്ന ഐപിഎല്‍ കളിക്കാരായ സുന്ദരിക്കുട്ടികളുടെ മനോവീര്യം തകര്‍ക്കലാണ് അത്.


ഇതെപ്പറ്റി നിങ്ങളും പ്രതികരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.അടുത്ത ഐപിഎല്‍ ആകുമ്പോഴേക്കും ആവന്‍മാരെ ഒഴിവാക്കി ഐപിഎല്‍ മാത്രം കാണാന്‍ കഴിയുമെന്നു നമുക്കു പ്രത്യാശിക്കാം